പണം നല്‍കിയിട്ടും പലിശക്കാരുടെ ഭീഷണി, വീട്ടമ്മ പുഴയില്‍ ചാടി മരിച്ചു, ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍
വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്

കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്.
2018ൽ പറവൂർ സി.ഐ.യുടെ ഡ്രൈവറായിരുന്നു. പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് അന്ന് സസ്‌പെൻഷനിലുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.
റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പറവൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടായിട്ടും പോലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.
What's Your Reaction?






