തൊടുപുഴ: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ് മെമ്മോ നൽകിയിരിക്കുകയാണ് ജില്ലാ കളക്ടർ.
അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ പലവട്ടം അവഗണിച്ചിരുന്നു. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിൽ ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം.
ശനിയാഴ്ച്ചയാണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതു കൂടാതെ അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോർട്ടുമുണ്ട്.