വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നടന്ന ഫ്ളക്സ് യുദ്ധത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്
പൊതുനിരത്തുകളിൽ ഫ്ലക്സുകളും കൊടിമരങ്ങളും മറ്റും സ്ഥാപിച്ചുകൂടാ എന്നുള്ള നിയമം നിലവിൽ ഇരിക്കെ ഫ്ലക്സുകളും കട്ടൗട്ടുകളും കൊടിമരങ്ങളും സ്ഥാപിച്ചിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നടന്ന ഫ്ളക്സ് യുദ്ധത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. പൊതുനിരത്തുകളിൽ ഫ്ലക്സുകളും കൊടിമരങ്ങളും മറ്റും സ്ഥാപിച്ചുകൂടാ എന്നുള്ള നിയമം നിലവിൽ ഇരിക്കെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വിഴിഞ്ഞം, മുക്കോല, മുല്ലൂർ പുളിങ്കടി തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലക്സുകളും കട്ടൗട്ടുകളും കൊടിമരങ്ങളും സ്ഥാപിച്ചിരുന്നു.
ഇത് ഗതാഗത തടസ്സവും ആളുകളുടെ ജീവന് ഭീഷണിയും ആയതുകൊണ്ട് എടുത്തുമാറ്റാൻ പോലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും നോട്ടീസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും കൊടിമരങ്ങളും മറ്റും സ്ഥാപിച്ചതിനാണ് വിഴിഞ്ഞം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ആണ് വിഴിഞ്ഞം പോലീസ് ബി.ജെ.പി, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികളുടെ ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത് എന്നും ആയത് മാറ്റാതെ മനപ്പൂർവ്വം പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഹൈക്കോടതി ഉത്തരവ് ലംഘിച്ച പ്രതികൾക്കെതിരെ ബി.എൻ.എസ് 285, 223 വകുപ്പുകൾ പ്രകാരവും കേരള പോലീസ് ആക്ട് 118(e) പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ചടങ്ങിന് ഒരു ദിവസം മുമ്പ് തന്നെ വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം ഉൾപ്പടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് മാറ്റാൻ നടപടി എടുക്കാതെ പരിപാടി കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷം നടപടിയെടുത്ത സംഭവത്തിൽ പരക്കെ ആക്ഷേപം ഉയരുകയാണ്.
എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച് ശനിയാഴ്ച തന്നെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നതും അന്ന് ഉച്ചയ്ക്ക് 12.21നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും എന്നത് ആണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്.
What's Your Reaction?






