രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾക്കെതിരെ കേസ്; യുവാവിന് വധഭീഷണിയെന്ന് പരാതി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളെന്ന് ആരോപിക്കപ്പെടുന്ന നജ്മൽ കാവിള, ജെറിൻ, ബിനിൽ ബാബു, അബിൻ ശിവദാസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അരുണ്‍ ശിവൻകുട്ടിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഇനിയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ കൊല്ലുമെന്ന് പറഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്.
പരാതി നൽകിയിട്ടും നടപടി വൈകുന്നുവെന്നാരോപിച്ച് അരുണ്‍ ശിവൻകുട്ടി കരിങ്കൊടിയും പ്ലക്കാർഡുമായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ഭീഷണിപ്പെടുത്തുന്നതിനിടെ അക്രമികളിൽ ഒരാൾ രാഹുൽ മാങ്കൂട്ടത്തിലിനെ വീഡിയോ കോൾ ചെയ്ത് സംഭവദൃശ്യങ്ങൾ തത്സമയം കാണിച്ചുവെന്നും, തന്നെ മർദിക്കാൻ ശ്രമം നടന്നതായും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?



