ഗംഭീറിനെയും അഗാർക്കറിനെയും വിളിപ്പിച്ച് ബി.സി.സി.ഐ; മത്സരദിനം രാവിലെ അടിയന്തരയോഗം
ഡിസംബർ 3-ന് റായ്‌പുരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി രാവിലെ യോഗം ചേരും
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) അടിയന്തര യോഗം വിളിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുമായി ചർച്ച നടത്തുന്നതിനാണ് യോഗം.
ഡിസംബർ 3-ന് റായ്‌പുരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി രാവിലെ യോഗം ചേരും. ടീമിൻ്റെ 'സെലക്ഷൻ സ്ഥിരത', ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ, മൊത്തത്തിലുള്ള ടീമിൻ്റെ പ്രകടനം എന്നിവയായിരിക്കും പ്രധാന ചർച്ചാവിഷയം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ്ണ തോൽവി യോഗത്തിൽ ചർച്ചയാകും. ഗംഭീറും അഗാർക്കറും പങ്കെടുക്കുന്നതിനാൽ ഇവരിൽ നിന്ന് ബി.സി.സി.ഐ. വിശദീകരണം തേടിയേക്കും. ഇവരുടെ അഭിപ്രായങ്ങൾ അനുസരിച്ച് ഭാവി നടപടികൾ ആസൂത്രണം ചെയ്യാനും ബി.സി.സി.ഐ. ഉദ്ദേശിക്കുന്നുണ്ട്.
മുൻ ക്യാപ്റ്റൻമാരായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഈ നിർണായക നീക്കം. ഗംഭീറിനും അഗാർക്കറിനും പുറമെ ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈകിയ, ജോയിൻ്റ് സെക്രട്ടറി പ്രഭ്തേജ് സിങ് ഭാട്ടിയ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതുതായി നിയമിതനായ ബി.സി.സി.ഐ. പ്രസിഡന്റ് മിഥുൻ മൻഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മത്സരദിനമായതിനാൽ കോലിയെയും രോഹിത് ശർമയെയും യോഗത്തിലേക്ക് വിളിക്കാനുള്ള സാധ്യത കുറവാണ്.
What's Your Reaction?

