കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. മുൻ മാനേജറെ മർദിച്ചെന്ന കേസിലാണ് ഗൂഢാലോചന ആരോപിച്ച് താരം പരാതി നൽകിയത്. ഡിജിപിക്കും എഡിജിപിക്കുമാണ് ഉണ്ണി മുകുന്ദൻ പരാതി നൽകിയത്.
ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതി നല്‍കിയ വിവരം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി സമർപ്പിച്ചുവെന്നും ഈ യാത്രയുടെ അവസാനം, സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇൻഫോ പാർക്ക് പൊലീസിലാണ് വിപിൻ കുമാർ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.