ഇറാന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്ക ഇറാനിലെ പ്രതിഷേധക്കാരുടെ രക്ഷയ്‌ക്കെത്തും

Jan 2, 2026 - 19:59
Jan 2, 2026 - 19:59
 0
ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ അമേരിക്ക ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ പിന്തുണച്ചാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. 
 
ഇറാനിൽ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോഴാണ് ഇറാൻ ഭരണകൂടത്തിന് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അമേരിക്ക ഇറാനിലെ പ്രതിഷേധക്കാരുടെ രക്ഷയ്‌ക്കെത്തുമെന്നും തങ്ങള്‍ അതിന് സജ്ജമാണെന്നും ട്രംപ് പറഞ്ഞു. 
 
സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇറാനിൽ 7 പേർ കൊല്ലപ്പെട്ടന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. എന്നാൽ ഇറാന്റെ ആഭ്യന്തര വിഷയങ്ങളില്‍ യുഎസ് ഇടപെടുന്നത് മുഴുവന്‍ മേഖലയുടെയും അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് ഇറാന്‍ അമേരിക്കയ്ക്ക് മറുപടി നല്‍കി.
 
ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇറാനിൽ പ്രക്ഷോഭകരായ ഏഴു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളായ ലോറെസ്ഥാന്‍, ചാഹര്‍മഹല്‍, ബക്തിയാരി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow