വാഷിങ്ടൺ: ഗ്രീൻലാൻഡ് വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച 8 യൂറോപ‍്യൻ രാജ‍്യങ്ങൾക്കെതിരേ തീരുവ ചുമത്തുന്നതിൽ നിന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിന്മാറി. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് താരിഫ് പിൻവലിച്ചതായി ട്രംപ് അറിയിച്ചത്. റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്‍റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഡെന്മാർക്കിന്‍റെ അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്മേലുള്ള അമേരിക്കൻ നിയന്ത്രണത്തോടുള്ള എതിർപ്പ് മൂലം 8 യൂറോപ‍്യൻ രാജ‍്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് ഫെബ്രുവരി 1 മുതൽ പത്ത് ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിൽ ഇടഞ്ഞ് നിന്ന യൂറോപ്യൻ രാജ്യങ്ങൾക്ക്മേലാണ് ഇറക്കുമതി തീരുവയായ ഗ്രീൻലാൻഡ് തീരുവ പ്രഖ്യാപിച്ചത്. ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.