ഫെഡറൽ ബാങ്ക് കവർച്ച; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടൻ എന്നാണ് പ്രതി റിജോ ആന്റണി പോലീസിനോട് പറഞ്ഞത്.

Feb 17, 2025 - 11:29
Feb 17, 2025 - 11:30
 0  6
ഫെഡറൽ ബാങ്ക് കവർച്ച; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ : തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണകേസിലെ പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോയെന്ന് പൊലീസ്. മദ്യപാനവും പതിവായിരുന്നു. കവർച്ച  നടത്തിയ ശേഷവും കവർച്ച ചെയ്ത പണം ഉപയോഗിച്ച് മദ്യം വാങ്ങിയതിന് ശേഷമാണ് ഇയാൾ വീട്ടിൽ പോയത്. 

ഇയാളുടെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തു നിന്ന് ഭാര്യ അയച്ചു നൽകിയ പണമെല്ലാം ഇയാൾ ധൂർത്തടിച്ചു തീർത്തു. ഭാര്യ നാട്ടിലേക്ക് വരുന്നതിനു മുൻപ് കടങ്ങൾ തീർക്കാനാണ് ഇയാൾ ബാങ്ക് കവർച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു. 

അതെ സമയം പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടൻ എന്നാണ് പ്രതി റിജോ ആന്റണി പോലീസിനോട് പറഞ്ഞത്. കത്തി കാട്ടിയ ഉടൻ ബാങ്ക് മാനേജർ മാറിത്തന്നു എന്നും  മാനേജർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു.

 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നൽകിയിരുന്നു. ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെടുത്തു.

കവർച്ച നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും റിജോ ആന്‍റണിയെ ആരും സംശയിച്ചിരുന്നില്ല. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. മാത്രമല്ല ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ' അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും' എന്നും റിജോ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow