കേന്ദ്രവുമായി ഒരു ഡീലുമില്ല'; ആരോപണങ്ങൾ തള്ളി സോനം വാങ്ചുക്
ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണങ്ങൾ ശക്തമായി തള്ളി സാമൂഹിക പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്. എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് സമരം അവസാനിപ്പിച്ച തീരുമാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.
26 ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷവും തന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ദൗർഭാഗ്യകരമാണെന്ന് വാങ്ചുക് പറഞ്ഞു. സമരം അവസാനിപ്പിച്ച തീരുമാനത്തെ രാഷ്ട്രീയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
"26 ദിവസം നിരാഹാരം അനുഷ്ഠിച്ച ശേഷവും എന്റെ ആത്മാർഥത ഞാൻ ഇനിയും തെളിയിക്കണമോ?" എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് തന്റെ യൂട്യൂബ് ചാനലിലുള്ള 22 മിനിറ്റ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോ കാണുകയും അതിലെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തിന്റെ ലക്ഷ്യങ്ങളും അത് അവസാനിപ്പിക്കാൻ കാരണമായ സാഹചര്യങ്ങളും വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കാതെ വസ്തുതകൾ മനസ്സിലാക്കണമെന്നും വാങ്ചുക് വ്യക്തമാക്കി.
What's Your Reaction?



