പുത്തൻ ലുക്കിൽ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ; പ്രാരംഭ വില 10.69 ലക്ഷം രൂപ
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് പുതിയ കുഷാഖ് മത്സരിക്കുന്നത്
മുംബൈ: ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സ്കോഡ കുഷാക്കിന്റെ പരിഷ്കരിച്ച പതിപ്പ് (Facelift) വിപണിയിലെത്തി. 10.69 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) പുതിയ മോഡലിന്റെ വില. 2021-ൽ പുറത്തിറങ്ങിയ ശേഷം കുഷാക്കിന് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റാണിത്.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് പുതിയ കുഷാഖ് മത്സരിക്കുന്നത്. കൂടുതൽ പ്രീമിയം ലുക്കും ആധുനിക സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് സ്കോഡ ഈ എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്.
സ്കോഡയുടെ പ്രീമിയം എസ്‌യുവി ആയ കൊഡിയാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്രില്ലും ഹെഡ്‌ലൈറ്റും രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻപത്തെക്കാൾ കൂടുതൽ മിനുസമാർന്നതും ഷാർപ്പുമായ ഡിസൈനാണിതിന്.
17 ഇഞ്ച് അലോയ് വീലുകളും 50 കിലോഗ്രാം ഭാരം താങ്ങാൻ ശേഷിയുള്ള റൂഫ് റെയിലുകളും പുതിയ മോഡലിനുണ്ട്. വീൽ ആർച്ചുകളിലും ഡോറുകൾക്ക് താഴെയും കറുത്ത ക്ലാഡിംഗുകൾ നൽകി കൂടുതൽ സ്പോർട്ടി ലുക്ക് ഉറപ്പാക്കി.
കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും തിളക്കമുള്ള സ്കോഡ ബ്രാൻഡിംഗും പിൻവശത്തെ ആകർഷകമാക്കുന്നു. പരിചിതമായ ഡാഷ്‌ബോർഡ് ഡിസൈൻ നിലനിർത്തുമ്പോൾ തന്നെ നൂതനമായ പല മാറ്റങ്ങളും ക്യാബിനുള്ളിൽ കാണാം. പുതുക്കിയ യൂസർ ഇന്റർഫേസോട് കൂടിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. പനോരമിക് സൺറൂഫ്, പിൻസീറ്റുകളിൽ മസാജ് ഓപ്ഷൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ. മറ്റ് ഫീച്ചറുകൾ: വയർലെസ് ഫോൺ ചാർജിംഗ്, 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ, അപ്‌ഡേറ്റ് ചെയ്ത ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ. ബേസ് വേരിയന്റ്: 10.69 ലക്ഷം രൂപ. ടോപ്പ് എൻഡ് വേരിയന്റ്: 18.99 ലക്ഷം രൂപ.
What's Your Reaction?