നവീകരിച്ച നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ജൂണിൽ തുറക്കും: മന്ത്രി ജി.ആർ അനിൽ
കെ.എസ്.ആർ.ടി.സി ഡിപ്പോയും നെടുമങ്ങാട് ജില്ലാ ആശുപത്രിയും മന്ത്രി സന്ദർശിച്ചു

നെടുമങ്ങാട്: നവീകരണം പുരോഗമിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയും നെടുമങ്ങാട് ജില്ലാ ആശുപത്രിയും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ജൂൺ ആദ്യ വാരം തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ കൂടുതലായി എത്തുന്ന ഡിപ്പോയാണിത്. അതിനാലാണ് സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് നിലകളിലായി 3.2 കോടി രൂപ ചെലവിലാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്ക് പണിയുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇതിനാവശ്യമായ തുക ചെലവഴിക്കും.
50 ലക്ഷം രൂപ കൂടി പുതിയ ബ്ലോക്കിനായി വകയിരുത്തിയിട്ടുണ്ട്. ആദ്യത്തെ നിലയിൽ ഒ.പി ബ്ലോക്ക്, രണ്ടാം നിലയിൽ ലബോറട്ടറി, മൂന്നാം നിലയിൽ ബ്ലഡ് സ്റ്റോറേജ്, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നിവയാണ് നിർമ്മിക്കുന്നത്. പുതിയ ബ്ലോക്കിന്റെ പണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തുറന്ന് കൊടുക്കാനാണ് തീരുമാനം.
What's Your Reaction?






