സഞ്ജു സാംസണെതിരെ വംശീയ അധിക്ഷേപം; കർശന നടപടി വേണമെന്ന് കോൺഗ്രസ്
വെസ്റ്റ് ഇൻഡീസിനെതിരായ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പരാമർശിച്ച് നടത്തിയ പോസ്റ്റാണ് വിവാദത്തിലായത്
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെതിരെയുള്ള വംശീയ പരാമർശം വിവാദമാകുന്നു. സഞ്ജുവിനെ അഭിനന്ദിക്കാനെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലെ വംശീയച്ചുവയുള്ള പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പരാമർശിച്ച് നടത്തിയ പോസ്റ്റാണ് വിവാദത്തിലായത്. സഞ്ജുവിന്റെ ചിത്രം സഹിതം വംശീയമായ അധിക്ഷേപം കലർത്തിയായിരുന്നു പോസ്റ്റ്. ഇതോടെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് നടപടി ആവശ്യപ്പെട്ടു.
വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് (X) ഹാൻഡിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കി. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വംശീയ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സൂപ്പർ എട്ടിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ വിജയത്തിൽ സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് നിർണ്ണായകമായിരുന്നു. സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
What's Your Reaction?