ഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സാധാരണയായി വോട്ടർ പട്ടികയിലെ പിശകുകൾ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും നിശ്ചിതമായ സമയപരിധി നൽകാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നത്. ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ നിശ്ചിത സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) അവ പരിശോധിച്ച് തിരുത്താമായിരുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. വോട്ടർ പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരാണ് പട്ടിക തയ്യാറാക്കുന്നത്. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കമ്മീഷൻ പറയുന്നു.