തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. എന്നാൽ ഇവർ ഇതുവരെ ഹാജരായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല ഇവർ സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തിട്ടില്ല.
മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്ന് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇവർ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി.
ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം, നടൻ കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.