പഹൽഗാം: മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം: മുഖ്യമന്ത്രി

Apr 24, 2025 - 19:25
Apr 24, 2025 - 19:26
 0  14
പഹൽഗാം: മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിൽ കുടുങ്ങിയ മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുവേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പസമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.

സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെല്പ് ഡെസ്ക് നമ്പരിൽ നിന്ന് വിവരങ്ങൾ നൽകുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യം ഒരുക്കി. നിലവിൽ ലഭിച്ച 49 രജിസ്ട്രേഷനിലൂടെ 575 പേർ കശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർയാത്രയ്ക്കായി ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണ്.  

ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്. ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദുഃഖം ഇരട്ടിപ്പിക്കുന്നു. കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

മനഃസാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവർക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹൽഗാം ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow