അമേരിക്കയിൽ ഭീതിയായി പുതിയ കോവിഡ് വകഭേദം 'സിക്കഡ'; കഠിനമായ തൊണ്ടവേദന പ്രധാന ലക്ഷണം
75-ലധികം മ്യൂട്ടേഷനുകൾ (ജനിതക മാറ്റങ്ങൾ) സംഭവിച്ച വകഭേദമാണിത്
വാഷിംഗ്ടൺ: കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ 'സിക്കഡ' (Cicada - BA 3.2) അമേരിക്കയിൽ പടരുന്നത് ആരോഗ്യവിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ 3-ൽ നിന്ന് പരിണമിച്ച ഈ വകഭേദം, അതിന്റെ സവിശേഷമായ സ്വഭാവം കൊണ്ടാണ് 'സിക്കഡ' എന്നറിയപ്പെടുന്നത്. സിക്കഡ എന്ന ഷഡ്പദങ്ങൾ ദീർഘകാലം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പെട്ടെന്ന് പുറത്തുവരുന്നതിന് സമാനമായി, ഈ വൈറസ് വകഭേദവും മനുഷ്യശരീരത്തിൽ ലക്ഷണങ്ങൾ കാണിക്കാതെ ഏകദേശം രണ്ട് വർഷം വരെ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്.
75-ലധികം മ്യൂട്ടേഷനുകൾ (ജനിതക മാറ്റങ്ങൾ) സംഭവിച്ച വകഭേദമാണിത്. ഇത് മുൻപുണ്ടായിരുന്ന ജെഎൻ 1 വകഭേദത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. 2024-ൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാമ്പിളുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ ദീർഘകാലം നിലനിന്നോ മൃഗങ്ങളിലൂടെയോ ആകാം ഇത് പരിണമിച്ചതെന്ന് കരുതപ്പെടുന്നു.
അമേരിക്കയിലെ 25-ഓളം സംസ്ഥാനങ്ങളിൽ ഇതിനകം ബിഎ 3.2 സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലത്തിലും ക്ലിനിക്കൽ സാമ്പിളുകളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തി. ഈ വകഭേദം ബാധിച്ചവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്: കഠിനമായ തൊണ്ടവേദന, പനി, ചുമ, മൂക്കൊലിപ്പ്, അമിതമായി വിയർക്കുക, പേശി വേദനയും തലവേദനയും, ചിലരിൽ രുചിയും ഗന്ധവും നഷ്ടപ്പെടൽ.
വൈറസിന് വൻതോതിൽ ജനിതക മാറ്റം സംഭവിച്ചതിനാൽ, മുൻപ് എടുത്ത വാക്സിനുകളിൽ നിന്നോ അണുബാധയിൽ നിന്നോ ലഭിച്ച പ്രതിരോധത്തെ ഇത് ഒരു പരിധിവരെ മറികടന്നേക്കാം. എങ്കിലും രോഗം ഗുരുതരമാകുന്നത് തടയാൻ വാക്സിനേഷൻ സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ ഈ വകഭേദം കൂടുതൽ മരണങ്ങളോ അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ ഇതിന്റെ അതിവേഗത്തിലുള്ള വ്യാപനശേഷി നിരീക്ഷിച്ചുവരികയാണ്.
What's Your Reaction?