കേരളം ആഗോള തൊഴിൽ ഹബ്ബിലേക്ക്; ഗ്രാമങ്ങളിലേക്കും വൻകിട കമ്പനികൾ

ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്

Mar 27, 2026 - 17:45
Mar 27, 2026 - 18:24
 0
കേരളം ആഗോള തൊഴിൽ ഹബ്ബിലേക്ക്; ഗ്രാമങ്ങളിലേക്കും വൻകിട കമ്പനികൾ

തിരുവനന്തപുരം: ആഗോളതലത്തിൽ സാങ്കേതികവിദ്യയിലും നിർമിത ബുദ്ധിയിലും (AI) ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിലെ യുവജനങ്ങൾക്ക് മികച്ച വരുമാനവും തൊഴിലും ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. ഐടി, ഇലക്ട്രോണിക്സ്, സർവീസ് സെക്ടർ എന്നീ മേഖലകളിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, അധ്യാപനം എന്നീ മേഖലകളിലാണ് മലയാളി യുവാക്കൾ പ്രധാനമായും മുന്നേറുന്നത്. മുൻപ് നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വലിയ കമ്പനികൾ ഇന്ന് കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു.

സോഹോ കോർപ്പറേഷൻ: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം ആരംഭിച്ച് ഗ്രാമീണ ഐടി വികസനത്തിന് മാതൃകയായി. കെയ്ൻസ് ടെക്നോളജിലൂടെ പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന യൂണിറ്റിലൂടെ 1500 പേർക്ക് തൊഴിൽ ലഭിക്കും. അമേരിക്കയിൽ നിന്ന് പ്രൊഫഷണലുകൾ ഇവിടേക്ക് മടങ്ങിയെത്തുന്നു എന്നത് ശ്രദ്ധേയമാണ്.

വി-ഗാർഡ് കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ ആരംഭിച്ച ഗവേഷണ വിഭാഗം 400 പേർക്ക് തൊഴിൽ നൽകുന്നു. നിതി ആയോഗ് റിപ്പോർട്ട് പ്രകാരം കേരളം സേവനമേഖലയിൽ ദേശീയ ശരാശരിയേക്കാൾ (29.7%) വളരെ മുന്നിലാണ് (48.5%). 2024 ജൂൺ വരെയുള്ള മൂന്ന് വർഷത്തിനിടെ കിൻഫ്ര പാർക്കുകൾ വഴി മാത്രം 27,335 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

അധികം ശ്രദ്ധിക്കപ്പെടാത്ത എന്നാൽ ഉയർന്ന വരുമാനം ലഭിക്കുന്ന മേഖലകളെ പ്രയോജനപ്പെടുത്താൻ ASAP, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവർ ചേർന്ന് പരിശീലനം നൽകുന്നു. എൻറോൾഡ് ഏജന്റ്സ് അമേരിക്കയിലെ ടാക്സ് നിയമങ്ങളിൽ പരിശീലനം നൽകി സ്വദേശത്തിരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്നു. തുടക്കത്തിൽ 6 ലക്ഷം വരെയും സീനിയർ തസ്തികയിൽ 20 ലക്ഷം വരെയും വാർഷിക വരുമാനം ഇതിലൂടെ നേടാം.

വിജ്‍ഞാനകേരളം തൊഴിലന്വേഷകരെയും ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം. വിദേശ കമ്പനികളിൽ വിദൂരമായി ജോലി ചെയ്യുന്നവർക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക തൊഴിൽ ഇടങ്ങൾ ഒരുക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) നിലവിൽ 5000-ത്തിലധികം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 'ലീപ്' കോ-വർക്കിംഗ് സ്പേസുകൾ, ഐഡിയ ഫെസ്റ്റ്, സീഡ് ലോണുകൾ എന്നിവയിലൂടെ യുവ സംരംഭകർക്ക് സർക്കാർ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ഉറപ്പാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow