മുൻ എം.എൽ.എ പി.എ. മാധവന്റെ അപകടത്തിൽ ദുരൂഹത; അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് മകൻ

ഫെബ്രുവരി 21-ന് മുണ്ടൂരിലെ വീടിന് മുന്നിൽ വെച്ചാണ് പി.എ. മാധവനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചത്

Apr 7, 2026 - 11:53
Apr 7, 2026 - 11:53
 0
മുൻ എം.എൽ.എ പി.എ. മാധവന്റെ അപകടത്തിൽ ദുരൂഹത; അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് മകൻ

തൃശൂർ: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.എ. മാധവന്റെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകൻ സമീർ എം. നായർ രംഗത്ത്. ഫെബ്രുവരിയിൽ നടന്ന വാഹനാപകടം പിതാവിനെ അപായപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ആരോപിച്ച് സമീർ പോലീസിൽ പരാതി നൽകി.

ഫെബ്രുവരി 21-ന് മുണ്ടൂരിലെ വീടിന് മുന്നിൽ വെച്ചാണ് പി.എ. മാധവനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ പേരാമംഗലം പോലീസ് കേസ് എടുത്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഗൂഢാലോചന ആരോപണവുമായി കുടുംബം രംഗത്തെത്തുന്നത്.

മാർച്ച് മാസത്തിന് മുമ്പ് പിതാവിനെ 'കിടത്തും' എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മകൻ സമീർ പറഞ്ഞു. ഇതിന് പിന്നിൽ രാഷ്ട്രീയമായ കാരണങ്ങളുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. അപകടം നടക്കുന്ന സമയത്ത് മണലൂർ മണ്ഡലത്തിന്റെ സംഘടനാ ചുമതല പി.എ. മാധവനായിരുന്നു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഈ അപകടത്തിന് പിന്നിലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് മാധവനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിന് ശേഷം വാൻ നിർത്താതെ പോകുകയായിരുന്നു. പി.എ. മാധവന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവകരമാണെന്നും പോലീസ് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow