കേരളത്തിൽ സ്വർണവില കുതിക്കുന്നു; പവന് 1,05,320 രൂപയായി വർധിച്ചു
സ്വർണ്ണ വിപണിയിലെ ചാഞ്ചാട്ടം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്
കൊച്ചി: കേരളത്തിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇന്ന് രാവിലെ പവന് 600 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 320 രൂപ വർധിച്ച് പവൻ വില 1,05,320 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. സ്വർണ്ണ വിപണിയിലെ ചാഞ്ചാട്ടം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
ഗ്രാമിന് 40 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,165 രൂപയായി. കഴിഞ്ഞ മാസം (ഡിസംബർ 23) ആണ് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടത്. ഇന്നലെ മാത്രം പവന് 1080 രൂപയുടെ വർധനവുണ്ടായിരുന്നു. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണം.
ആഗോള വിപണിയിലെ അസ്ഥിരത കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നതും വില വർദ്ധനവിന് കാരണമാകുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവിലയിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങൾ വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണ്ണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
What's Your Reaction?