കാസർകോട്: കാസർകോട്ട് ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. പരിപാടിയില്‍ മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്.
സംഘാടകരായ അഞ്ച് പേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസ് എടുത്തത്. പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കാസർഗോഡ് ടൗൺ പോലീസാണ് കേസെടുത്തത്.
ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. ജനത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കിനുംതിരക്കിനും ഇടയാക്കിയത്. തിക്കും തിരക്കും കാരണം പോലീസ് പരിപാടി നിർത്തിവെപ്പിച്ചു.