കരളിന്റെ കരുത്തിന് കാപ്പി; ഫാറ്റിലിവർ മുതൽ സിറോസിസ് വരെ തടയാൻ സഹായിക്കും
ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കുമെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് സംയുക്തങ്ങളും കരൾ രോഗങ്ങളെ തടയാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.
ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കുമെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാപ്പിയിലടങ്ങിയ ക്ലോറോജെനിക് ആസിഡ്, പോളിഫിനോളുകൾ, കഫീൻ എന്നിവ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിച്ച് കരളിനെ സംരക്ഷിക്കുന്നു.
ദിവസവും മൂന്ന് മുതൽ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഫാറ്റിലിവർ, ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും. കാപ്പിയിലെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ കരളിലെ വീക്കം കുറയ്ക്കാൻ ഫലപ്രദമാണ്.
പലരും പാലൊഴിച്ച കാപ്പി ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കരളിന്റെ ആരോഗ്യത്തിന് കൂടുതൽ ഗുണകരം കട്ടൻ കാപ്പിയാണ്. കാപ്പിയിൽ പാൽ ചേർക്കുമ്പോൾ അതിലെ പ്രോട്ടീനുകൾ ക്ലോറോജെനിക് ആസിഡിന്റെ ഗുണഫലം 20 ശതമാനം വരെ കുറയ്ക്കുന്നു. കൂടാതെ, പാലും പഞ്ചസാരയും ചേർക്കുന്നത് കലോറി വർദ്ധിപ്പിക്കാനും പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം പരമാവധി 400 മില്ലിഗ്രാം (ഏകദേശം നാല് കപ്പ്) കഫീൻ വരെയാകാം. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഇത് 200 മില്ലിഗ്രാം ആയി പരിമിതപ്പെടുത്തണം.
വൈകുന്നേരങ്ങളിൽ കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്താൻ കാരണമാകും.
അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചിടിപ്പ്, ഉത്കണ്ഠ എന്നിവയുള്ളവർ കാപ്പി കുടിക്കുന്നത് നിയന്ത്രിക്കണം.
What's Your Reaction?