ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു
കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിനു താഴെ ഉള്ള കുട്ടികള്‍ക്കും കിലോമീറ്ററിനു രണ്ട് രൂപ ഇളവ് നൽകണം

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ചു. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിനു താഴെ ഉള്ള കുട്ടികള്‍ക്കും കിലോമീറ്ററിനു രണ്ട് രൂപ ഇളവ് നല്‍കണമെന്നും ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ബിപിഎല്‍ ആളുകള്‍ക്ക് 20% ഇളവ് നല്‍കണം.
600 മുതൽ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. ഐസിയു സപ്പോര്‍ട്ട് ഉള്ള ഡി ലെവല്‍ ആംബുലന്‍സിന്റെ മിനിമം ചാര്‍ജ് 20 കിലോമീറ്ററിന് 2500രൂപയാക്കി നിശ്ചയിച്ചു. നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. കൂടാതെ ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം.
അതോടൊപ്പം സി ലെവല്‍ ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപ രൂപയാകും. ബി ലെവല്‍ നോണ്‍ എസി ട്രാവലറിനു 1000 രൂപയും ഈടാക്കാം. എ ലെവല്‍ എസി ആംബുലന്‍സുകള്‍ക്ക് 800 ഈടാക്കാം. എ ലെവല്‍ നോണ്‍ എസി ആംബുലന്‍സുകള്‍ക്ക് 600 രൂപയും ചാര്‍ജ് ചെയ്യും. നിരക്ക് വിവരങ്ങള്‍ ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
What's Your Reaction?






