ചെന്നൈ: തമിഴ്‌നാട് ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു. യുവ ഡോക്ടർ അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. ഇന്നലെ വൈകുന്നേരം നാരയോടെയാണ് സംഭവം നടന്നത്.
ആനമലൈ കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അജ്സലിനെ എത്തിച്ചിരുന്നു. എന്നാൽ പോകുന്ന വഴിക്ക് തന്നെ മരണം സംഭവിക്കുകയായിരുന്നു.
സുഹൃത്തിനൊപ്പമാണ് അജ്‌സല്‍ ട്രക്കിംഗിനെത്തിയത്. ഇവര്‍ മൂന്ന് സ്‌പോട്ടുകളില്‍ ട്രക്കിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ അജ്‌സലിന് ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് ഗൈഡുകൾ ട്രക്കിംഗ് മതിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ വിസമ്മതിക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.