തൃശൂർ: അതിരപ്പിള്ളി പിലാർ മൂഴിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി ജംഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് ആക്രമണം നടന്നത്. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അടക്കമുള്ള കാട്ടാനകളാണ് ഇവി തമ്പടിച്ചിരുന്നത്. സുബ്രനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ് വഴിയരികിൽ കിടന്ന സുബ്രനെ ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ്റെ വാഹനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
അഞ്ച് ആനകൾ ഉള്ള കൂട്ടമാണ് മേഖലയിൽ ഇറങ്ങിയതെന്ന് പറയപ്പെടുന്നു. വനം വകുപ്പ് ഓഫീസിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ വലിയ പ്രതിഷേധം നടന്നു.