‘റിവോൾവർ റിങ്കോ’ ടൈറ്റിൽ പ്രകാശനം ചെയ്തു

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കാർട്ടൂൺ ലോകത്തിലെ കൗതുകകരമായ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന പേരാണ് ‘റിവോൾവർ റിങ്കോ’

Nov 17, 2025 - 00:58
 0
‘റിവോൾവർ റിങ്കോ’ ടൈറ്റിൽ പ്രകാശനം ചെയ്തു

കൊച്ചി: താരക പ്രൊഡക്ഷൻസ് ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഔദ്യോഗിക പേജുകൾ വഴിയാണ് പ്രകാശനം ചെയ്തത്. ടൈറ്റിൽ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും കൗതുകങ്ങളും ഉയർന്നിരിക്കുകയാണ്.

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കാർട്ടൂൺ ലോകത്തിലെ കൗതുകകരമായ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന പേരാണ് ‘റിവോൾവർ റിങ്കോ’. കുട്ടികളുടെ മനസിലേക്കുള്ള എളുപ്പമായ പ്രവേശനമാണ് ഈ പേര് ചിത്രത്തിന് നൽകാൻ കാരണം. സൂപ്പർ നാച്വർ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാല് കുട്ടികളുടെയും, അവരുടെ ജീവിതത്തിൽ എത്തുന്ന ഒരു ചെറുപ്പക്കാരനുമായുള്ള ആത്മബന്ധത്തിന്റെയും വളർച്ചയാണ് ഹാസ്യരസവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചേർത്തുകൊണ്ട് കിരൺ നാരായണൻ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലതാരങ്ങളായ ശ്രീപത് യാൻ (മാളികപ്പുറം ഫെയിം), ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവർ ചിത്രത്തിലെ പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിബി ജോർജ് പൊൻകുന്നമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ലാലു അലക്സ്, സാജു നവോദയ, വിജയലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെ.പി.എ.സി, ആവണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതമേകുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു. അരുൺ വെഞ്ഞാറമൂട് കലാസംവിധാനം, ബൈജു ബാലരാമപുരം മേക്കപ്പ്, സുജിത് മട്ടന്നൂർ കോസ്റ്റ്യൂം ഡിസൈൻ എന്നിവ കൈകാര്യം ചെയ്യുന്നു. ഷിബു രവീന്ദ്രൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും സഞ്ജയ് ജി. കൃഷ്ണൻ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ചന്ദ്രമോഹൻ എസ്.ആർ. പ്രോജക്റ്റ് കോ-ഓർഡിനേറ്ററും പാപ്പച്ചൻ ധനുവച്ചപുരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, മുക്കം തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ റിവോൾവർ റിങ്കോ ഇപ്പോൾ പ്രദർശനത്തിനായി സജ്ജമാകുകയാണ്.

പി.ആർ.ഒ: വാഴൂർ ജോസ്.
ഫോട്ടോ: ശാലു പേയാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow