ദുരന്തത്തിന്‍റെ വേദനക്കിടയിലും എസ്.എസ്.എല്‍.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി വെള്ളാർമല ഹൈസ്കൂൾ

ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർ മലയിലെ 32 കുട്ടികൾ മരിച്ചിരുന്നു. ഇതിൽ ഏഴുപേർ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ടതായിരുന്നു

May 9, 2025 - 22:24
May 9, 2025 - 22:24
 0  11
ദുരന്തത്തിന്‍റെ വേദനക്കിടയിലും എസ്.എസ്.എല്‍.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി വെള്ളാർമല ഹൈസ്കൂൾ

ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ വേദനക്കിടയിലും എസ്.എസ്.എല്‍.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാർമല ഹൈസ്കൂൾ. 55 കുട്ടികളാണ് വെള്ളാർമല ഹൈസ്കൂളിൽ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർ മലയിലെ 32 കുട്ടികൾ മരിച്ചിരുന്നു. ഇതിൽ ഏഴുപേർ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ടതായിരുന്നു.

ജൂലൈ മുപ്പതിനുണ്ടായ ഉരുൾപൊട്ടലിൽ വെള്ളാർമല സ്കൂൾ പൂർണമായും തകർന്നു. ദുരന്തത്തിന് ശേഷം മേപ്പാടി സ്കൂൾ കെട്ടിടത്തിൽ താത്കാലികമായി വെള്ളാർമല സ്കൂൾ തുറന്നപ്പോൾ ദുരന്ത ബാധിതരായ വിദ്യാർഥികൾക്ക് ധരിക്കാൻ യൂണിഫോം പോലുമില്ലായിരുന്നു. ക്യാംപുകളിൽ നിന്ന് ലഭിച്ച കളർ വസ്ത്രം ധരിച്ചുവന്നതിനാൽ അവർ ദുരന്തബാധിതരാണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനും സാധിക്കുമായിരുന്നു. 

പുസ്തകങ്ങളും യൂണിഫോമും ഉൾപ്പെടെ ആവശ്യമായതെല്ലാം അവർക്ക് ലഭ്യമാക്കി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകി വിദ്യാഭ്യാസ വകുപ്പും ഒപ്പം നിന്നു. അതോടെ നൂറ്റാണ്ടിന്റെ ദുരന്തത്തെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് വെള്ളാർമലയിലെ എല്ലാ കുട്ടികളും എസ്എസ്എൽസി പരീക്ഷയിൽ മിന്നുന്ന ജയം നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow