സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ മരിച്ചത് രണ്ടുപേര്‍

ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്

May 22, 2025 - 21:40
May 22, 2025 - 21:40
 0
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ മരിച്ചത് രണ്ടുപേര്‍

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം കൊവിഡ് പോസിറ്റീവായിരുന്നു.

2024ല്‍ സംസ്ഥാനത്ത് 76 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം - 57, എറണാകുളം - 34, തിരുവനന്തപുരം - 30 കേസുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ഈ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും രോഗബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow