തിരുവനന്തപുരത്ത് 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്ത് 111 അറസ്റ്റ്

Jun 18, 2026 - 22:07
Jun 18, 2026 - 22:07
 0
തിരുവനന്തപുരത്ത് 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്ത് 111 അറസ്റ്റ്

തിരുവനന്തപുരം∙ തലസ്ഥാനത്ത് 6 കിലോ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വേങ്ങാനൂർ സ്വദേശികളായ അഭിനന്ദ്, ജസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. വിനോദസഞ്ചാരികളെയും സ്കൂൾ വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഘമാണ് ഇവരെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം.

അതേസമയം, ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധനയും അറസ്റ്റും നടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേരെ അറസ്റ്റ് ചെയ്യുകയും 108 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പരിശോധനയിൽ 60 ഗ്രാം എംഡിഎംഎ (MDMA), 38 കിലോ കഞ്ചാവ്, 1.5 ഗ്രാം ഹാഷിഷ് ഓയിൽ, 11 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തു.

ലഹരി വ്യാപനം തടയാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ 2,954 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 3,176 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow