പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം: മന്ത്രി പി. പ്രസാദ്
പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി

തിരുവനന്തപുരം പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും. ഗവൺമെന്റിന്റെ തീരുമാനത്തിൽ ഒരു പുഴ സൃഷ്ടിക്കാൻ കഴിയില്ല എന്നതും ഒരു തിരിച്ചറിവാണ്.
തലച്ചോറിലും രക്തത്തിലും വരെ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തുന്ന വാർത്തകൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. സമുദ്രങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ മാലിന്യം നിക്ഷേപിക്കുന്ന കുപ്പത്തൊട്ടിയായി മാറ്റുന്ന പ്രവണത ഇല്ലാതാക്കണം. അറബിക്കടലിൽ കഴിഞ്ഞ ദിവസം തകർന്ന കപ്പലിൽ നിന്നും പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ തീരത്തടിയുന്നത് നമ്മൾ കണ്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സങ്കേതങ്ങൾക്ക് പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയയെ നിയന്ത്രിക്കാൻ കഴിയില്ല എന്നത് നാം തിരിച്ചറിയുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഈ കാലത്ത് സ്വാഭാവിക പ്രകൃതിയുടെ നിലനിൽപ്പിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രകൃതിപാഠം പദ്ധതി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ഫലപ്രദമായി വിനിയോഗിക്കുവാൻ കഴിയുന്ന പദ്ധതികൾ ബോർഡ് നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കർഷകർക്കായി പ്രകൃതി പാഠം പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകരും ശാസ്ത്രജ്ഞരും സന്നദ്ധപ്രവർത്തകരും ഒരുമിക്കുന്ന ആശയവിനിമയ സദസ്സ് സംഘടിപ്പിക്കും.
What's Your Reaction?






