ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നടപടി; സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കെയാണിത്.
മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ ജീവനക്കാർ ഉത്തരവാദിത്തത്തോടെയും മര്യാദയോടെയും പെരുമാറേണ്ടതുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ നടപടികൾ തുടരുമെന്ന സൂചനയും അധികൃതർ നൽകി.
What's Your Reaction?



