സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എൽ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പി. എസ് സി നിയമനത്തിനും അർഹതയുണ്ട്

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന, ഏഴാം തരം തുല്യത, പത്താംതരം തുല്യത, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. .
പത്താംതരം തുല്യത
പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എൽ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പി. എസ് സി നിയമനത്തിനും അർഹതയുണ്ട്. ഏഴാം തരം തുല്യത / സ്കൂൾ തലത്തിലെ ഏഴാം ക്ലാസ് പാസായ 2025 മാർച്ച് 1 ന് 17 വയസ്സ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോർഡുമാണ്.
ഹയർ സെക്കണ്ടറി തുല്യത
പത്താം ക്ലാസ് പാസായ 22 വയസ്സ് പൂർത്തിയായവർക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്ക് വച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന്(ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാവുന്നതാണ്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്സിന് സമാനമായ വിഷയങ്ങൾ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്
നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്‌കരിച്ചാണ് പുതിയ കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് കോഴ്സായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാപഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്‌സാണ്. സര്‍ക്കാര്‍ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് മലയാളം അറിയാത്ത ജീവനക്കാർക്കും കോഴ്സ് സഹായകരമാകുന്നതാണ്.60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ ക്ലാസുകള്‍. അടിസ്ഥാനകോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി.
ഏഴാം തരം തുല്യത കോഴ്സിലേക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. നാലാം ക്ലാസ് വിജയിച്ചവരും, 5, 6, 7 ക്ലാസുകളിൽ നിന്നു കൊഴിഞ്ഞ് പോയവരുമായ 15 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷര ശ്രീ ഓഫീസുമായോ നഗരസഭയിലെ കൗൺസിലർമാരെയോ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ വാർഡ് കോ-ഓർഡിനേറ്റർമാരെയോ സമീപിക്കാവുന്നതാണ്.
What's Your Reaction?






