ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ യുവാവ് പിടിയിൽ
വ്യാഴാഴ്ച രാത്രി 10.30-ഓടെ രാജന്റെ വീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്
ഇടുക്കി: കഞ്ഞിക്കുഴിയിൽ കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപാതൽ മൈക്കിൾ സിറ്റി സ്വദേശി കല്ലുമാലിക്കൽ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 10.30-ഓടെ രാജന്റെ വീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്. തടിപ്പണിക്കാരനായ രാജനും അനൂപും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അനൂപിനെ പുലർച്ചെ മൂന്ന് മണിയോടെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കഞ്ഞിക്കുഴിയിലെ ഒരു ചിക്കൻ സെന്ററിലെ ജീവനക്കാരനാണ്.
കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് പ്രതിയായ അനൂപ്. ദീർഘനാളായുള്ള കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
What's Your Reaction?