മാരുതി ഇഗ്നിസ് വിപണി വിടുന്നു? ഉത്പാദനം നിർത്തിവച്ചതായി റിപ്പോർട്ട്
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇഗ്നിസിന്റെ ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണെന്നും പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ
ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കോംപാക്റ്റ് ഹാച്ച്ബാക്ക് മോഡലായ 'ഇഗ്നിസ്' വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി റിപ്പോർട്ട്. ദീർഘനാളായി തുടരുന്ന കുറഞ്ഞ വിൽപ്പനയും ഉപഭോക്താക്കൾക്കിടയിലെ താല്പര്യക്കുറവുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇഗ്നിസിന്റെ ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണെന്നും പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും ബുക്കിംഗ് സൗകര്യം ലഭ്യമാണ് എന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 3,780 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം ഫെബ്രുവരിയിൽ വിൽപ്പന 1,902 യൂണിറ്റുകളായി കുറഞ്ഞു. ഏകദേശം 50 ശതമാനത്തോളം ഇടിവാണ് ഒറ്റവർഷത്തിനിടെ ഉണ്ടായത്.
ജിഎസ്ടി പരിഷ്കരണത്തെത്തുടർന്ന് വിലയിൽ 71,000 രൂപ വരെ കുറവ് വരുത്തിയിട്ടും വിപണിയിൽ മുന്നേറാൻ ഈ മോഡലിന് സാധിച്ചില്ല. 2017-ലാണ് നഗരവാസികളായ യുവാക്കളെ ലക്ഷ്യമിട്ട് പ്രീമിയം അർബൻ കോംപാക്റ്റ് ഹാച്ച്ബാക്ക് എന്ന നിലയിൽ ഇഗ്നിസ് പുറത്തിറങ്ങിയത്.
1.2 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റ് സാങ്കേതികവിദ്യയും ലഭ്യമായിരുന്നു. തുടക്കകാലത്ത് ഡീസൽ പതിപ്പും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിർത്തലാക്കി. 4.59 ലക്ഷം രൂപ മുതൽ 7.80 ലക്ഷം രൂപ വരെയായിരുന്നു (എക്‌സ്-ഷോറൂം, ഡൽഹി) ഇതിന്റെ വില.
What's Your Reaction?