ഇടുക്കിയിൽ ഏലത്തോട്ടത്തിൽ കടന്നൽ ആക്രമണം; കർഷകൻ മരിച്ചു
പത്തോളം തൊഴിലാളികൾക്ക് കുത്തേറ്റതായാണ് പ്രാഥമിക വിവരം
നെടുങ്കണ്ടം: ഇടുക്കി ഉടുമ്പൻചോലയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് തമിഴ്നാട് സ്വദേശിയായ കർഷകൻ മരിച്ചു. വണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണി (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കും കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 11 മണിയോടെ ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ മരുന്ന് തളിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടന്നൽ കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പത്തോളം തൊഴിലാളികൾക്ക് കുത്തേറ്റതായാണ് പ്രാഥമിക വിവരം.
തോട്ടത്തിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെ കടന്നൽ കൂട്ടം ഇരച്ചെത്തുകയായിരുന്നു. കുത്തേറ്റ സുബ്രഹ്മണിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കും ശരീരമാസകലം കുത്തേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
What's Your Reaction?