കൊച്ചി: മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് മരട് പോലീസാണ് നോട്ടീസ് നൽകിയത്. കേസിൽ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മരട് സ്വദേശിയായ സിറാജ് സമർപ്പിച്ച പരാതിയിൽ നേരത്തെ മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. വിശ്വാസവഞ്ചന ഗൂഢാലോചന വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.