ശബരിമല കേസ് വീണ്ടും സുപ്രീംകോടതിയിൽ; യുവതി പ്രവേശന പുനഃപരിശോധനാ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുന്നത്

Feb 14, 2026 - 22:02
Feb 14, 2026 - 22:02
 0
ശബരിമല കേസ് വീണ്ടും സുപ്രീംകോടതിയിൽ; യുവതി പ്രവേശന പുനഃപരിശോധനാ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വരും തിങ്കളാഴ്ച കോടതി ലിസ്റ്റ് ചെയ്തു. 2019-ന് ശേഷം ആദ്യമായാണ് ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുന്നത്. കേസ് വാദം കേൾക്കുന്നതിനായി ഒൻപതംഗ വിശാല ബെഞ്ച് എന്നു മുതൽ ചേരണം എന്നതിലും പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും തിങ്കളാഴ്ച നിർണ്ണായക തീരുമാനമുണ്ടാകും.

ശബരിമലയിലെ സ്ത്രീ പ്രവേശനം മാത്രമല്ല, മതാചാരങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ പൊതുവായ വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28-നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ഈ വിധിക്കെതിരെ വലിയ പ്രതിഷേധങ്ങളും ഒട്ടേറെ പുനഃപരിശോധനാ ഹർജികളും സമർപ്പിക്കപ്പെട്ടു. തുടർന്ന് 2019 നവംബറിൽ കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഒരുപോലെ നിർണ്ണായകമാകും. 

What's Your Reaction?

like

dislike

love

funny

angry

sad

wow