പുതിയ റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിൽ; പ്രാരംഭ വില 10.49 ലക്ഷം രൂപ; ബുക്കിംഗ് ആരംഭിച്ചു
2012-ൽ ഇന്ത്യയിൽ എസ്‌യുവി തരംഗത്തിന് തുടക്കമിട്ട ഡസ്റ്ററിന്റെ ഈ പുതിയ പതിപ്പ് RGM പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്
മുംബൈ: ഇന്ത്യൻ എസ്‌യുവി വിപണിയിൽ വിപ്ലവം സൃഷ്ടിച്ച റെനോ ഡസ്റ്റർ പുത്തൻ ഭാവത്തിൽ തിരിച്ചെത്തി. റെനോ ഇന്ത്യയുടെ 'ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027' പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ പുതിയ തലമുറ ഡസ്റ്റർ ആധുനിക ഡിസൈനിലും കരുത്തുറ്റ ഫീച്ചറുകളിലുമാണ് വിപണി കീഴടക്കാൻ ഒരുങ്ങുന്നത്.
2012-ൽ ഇന്ത്യയിൽ എസ്‌യുവി തരംഗത്തിന് തുടക്കമിട്ട ഡസ്റ്ററിന്റെ ഈ പുതിയ പതിപ്പ് RGM പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനത്തിന്റെ ബുക്കിംഗ് 21,000 രൂപയ്ക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
10.49 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം) വില ആരംഭിക്കുന്നു. 1.0 ലിറ്റർ, 1.3 ലിറ്റർ എന്നിങ്ങനെ രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ, സിവിടി (CVT) ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഡിസിടി (DCT) എന്നീ ഓപ്ഷനുകൾ ലഭിക്കും. ഈ വർഷം അവസാനത്തോടെ 1.8 ലിറ്റർ ടർബോ-പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ മോഡലും വിപണിയിലെത്തും.
പുതിയ ഡസ്റ്റർ അതിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ സ്പോർട്ടിയായ ലുക്കിലാണ് വരുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, സി-ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ, മനോഹരമായ ഇന്റീരിയർ എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യക്കായി പ്രത്യേകം തയ്യാറാക്കിയ 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഉൽപ്പന്നം കൂടിയാണിത്.
പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS സുരക്ഷാ സംവിധാനങ്ങൾ, ആറ് എയർബാഗുകൾ തുടങ്ങി പ്രീമിയം സൗകര്യങ്ങളെല്ലാം പുതിയ ഡസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും യാത്ര കൂടുതൽ സുഖകരമാക്കുന്നു.
What's Your Reaction?