നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്ന് അതിജീവിതയുടെ ഹൈക്കോടതിയിൽ ഹർജി

Jun 5, 2026 - 16:29
Jun 5, 2026 - 16:30
 0
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്ന് അതിജീവിതയുടെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡിന്റെ കൈകാര്യം ചെയ്യലിലും പരിശോധനയിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ഉയർത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാപരിശോധനയിൽ പുറത്തുവന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കുമ്പോൾ അതിജീവിതയ്ക്കുവേണ്ടി വൃന്ദ ഗ്രോവർ തന്നെ കോടതിയിൽ ഹാജരാകും.

പീഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടതായി വസ്തുതാപരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും മെമ്മറി കാർഡ് അനുമതിയില്ലാതെ പരിശോധിച്ചുവെന്നാണ് കണ്ടെത്തൽ. വിചാരണ കോടതിയിലെ ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ കണ്ടതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവും കേസിൽ വീണ്ടും ഉയരുകയാണ്. മെമ്മറി കാർഡ് പരിശോധിക്കുന്ന സമയത്ത് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയേ പരിശോധന നടത്താവൂ എന്നുമായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. എന്നാൽ ഈ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് മെമ്മറി കാർഡ് കൈകാര്യം ചെയ്തതെന്നാണ് അതിജീവിതയുടെ പരാതി.

മെമ്മറി കാർഡുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വിചാരണയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്നും ഇതിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നുമാണ് ഹർജിയിലെ പ്രധാന വാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow