"ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി കേസ്: 6 കോടി രൂപയുടെ നോട്ടുകൾ നശിപ്പിച്ചതായി പ്രതിയുടെ മൊഴി

Jun 5, 2026 - 17:42
Jun 5, 2026 - 17:43
 0
"ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതി കേസ്: 6 കോടി രൂപയുടെ നോട്ടുകൾ നശിപ്പിച്ചതായി പ്രതിയുടെ മൊഴി

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി സംഗീത്. തട്ടിപ്പിലൂടെ സമ്പാദിച്ച ആറ് കോടി രൂപയുടെ നോട്ടുകൾ നോട്ടുനിരോധനത്തിന് പിന്നാലെ കത്തിച്ചുകളഞ്ഞുവെന്നാണ് ബോർഡിലെ മുൻ ക്ലർക്കായിരുന്ന സംഗീത് വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നത്.

2012 മുതൽ 2016 വരെ ക്ഷേമനിധി ബോർഡിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിലൂടെ ലഭിച്ച പണമാണ് നശിപ്പിച്ചതെന്നാണ് മൊഴി. തിരുവനന്തപുരം പോങ്ങുമൂട്ടിലെ സ്വന്തം വീടിന്റെ രണ്ടാം നിലയിൽ ബാഗുകളിലായി സൂക്ഷിച്ചിരുന്ന 500, 1000 രൂപ നോട്ടുകളാണ് കത്തിച്ചുകളഞ്ഞതെന്ന് സംഗീത് വ്യക്തമാക്കി.

ലോട്ടറി തൊഴിലാളികൾ അടച്ച അംശദായ തുക വ്യാജരേഖകളും ഉദ്യോഗസ്ഥരുടെ കൃത്രിമ ഒപ്പുകളും ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്ഷേമനിധി അക്കൗണ്ടിൽ നിന്ന് ആകെ 16 കോടി രൂപ തട്ടിയെടുത്തതായും വിജിലൻസ് ആരോപിക്കുന്നു.

തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 ഭൂമി രജിസ്ട്രേഷനുകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അനിൽകുമാർ നിർമാണ കമ്പനി ആരംഭിക്കുകയും വൻതുക ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി നിക്ഷേപിക്കുകയും ചെയ്തതായി വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ സാമ്പത്തിക ഇടപാടുകളും സ്വത്ത് സമ്പാദനവും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow