പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ശരീരത്തില്‍ തീ കൊളുത്തി ഓടിക്കയറി, നില ഗുരുതരം
കൊല്ലം: പുനലൂർ പോലീസ് സ്റ്റേഷനുള്ളിൽ യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആദിവാസി ഉന്നതി സ്വദേശിയായ സുരേഷ് ആണ് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം അകത്തേക്ക് ഓടിക്കയറിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ മൊഴിയെടുക്കുന്നതിനായി സുരേഷിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലെത്തിയ യുവാവ് കൈവശം കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഉടൻ തന്നെ തീ അണയ്ക്കുകയും സുരേഷിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?