കേരളത്തിൽ വരുംദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ഫെബ്രുവരി 24 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയും അത് ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുമാണ് മഴയ്ക്ക് കാരണമാകുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി താഴെ പറയുന്ന ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു:
ഫെബ്രുവരി 21 (നാളെ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 (മറ്റന്നാൾ): പത്തനംതിട്ട, കോട്ടയം, ഇടുക്കി. യെല്ലോ അലർട്ട് ഉള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ പ്രത്യേക അലർട്ട് ഇല്ലെങ്കിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. നേരത്തെ രൂപപ്പെട്ട മറ്റൊരു ന്യൂനമർദ്ദം ശക്തി കുറഞ്ഞെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.
What's Your Reaction?



