വമ്പൻ അപ്ഡേറ്റുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഗൂഗിൾ. ലക്ഷക്കണക്കിന് വരുന്ന ജിമെയിൽ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകാനൊരുങ്ങുന്നത്. നമ്മൾ എല്ലാവരും പണ്ട് പഠനകാലത്ത് ഇമെയിൽ ഐ ഡി ക്രീയേറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ നമ്മൾ അപ്പോൾ ഐ ഡി കൊടുത്തിരുന്ന പേര് ഇപ്പോൾ നോക്കുമ്പോൾ വലിയ തമാശയായി തോന്നാം. എന്നാൽ ആ ഐ ഡി നമുക്ക് മാറ്റാൻ സാധിക്കുകയുമില്ല.
എന്നാൽ ഇനി ആ പ്രശ്നമില്ല. എന്നാൽ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. നിലവിലുള്ള ഐഡിയിലെ ഡേറ്റകള്‍ നഷ്ടപ്പെടാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ വിലാസം മാറ്റാന്‍ കഴിയും.
@gmail.com ന് മുമ്പുള്ള ഇമെയിൽ വിലാസത്തിന്റെ ആദ്യ ഭാഗം മാറ്റാൻ ഇതോടെ നമുക്ക് സാധിക്കും. വിലാസം മാറിയാലും കോൺടാക്റ്റുകൾ, ഡ്രൈവ് ഫയലുകൾ, ഇമെയിലുകൾ, ഫോട്ടോകൾ എന്നിവയുൾപ്പെടെ ഗൂഗിൾ അക്കൗണ്ട് അതേപടി തുടരുകയും ചെയ്യും.
കൂടാതെ പഴയ ഐ ഡിയിൽ അയക്കുന്ന സന്ദേശങ്ങൾ പുതിയ ഇൻബോക്സിലേക്ക് എത്തുകയും ചെയ്യും. സാങ്കേതികമായ പല കാരണങ്ങളാല്‍ ഗൂഗിള്‍ ഇതുവരെ @gmail.com എന്ന യൂസര്‍നെയിമുകള്‍ സ്ഥിരമായി നിലനിര്‍ത്തിയിരുന്നു. പുതിയതായി വന്നിരിക്കുന്ന അപ്‌ഡേറ്റ് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ഇമെയില്‍ വിലാസം തിരഞ്ഞെടുക്കാം.
എന്നാൽ കൃത്യമായ നിയന്ത്രണങ്ങളോടെയാണ് ഗൂഗിൾ മാറ്റം അവതരിപ്പിക്കുക. ഒരു ഉപയോക്താവിന് 12 മാസത്തിലൊരിക്കൽ മാത്രമേ അഡ്രസ് മാറ്റാൻ സാധിക്കുകയുള്ളൂ. ഒരാൾക്ക് അയാളുടെ അക്കൗണ്ടിൽ മൂന്ന് തവണ മാത്രമേ മാറ്റം നടത്താൻ കഴിയു. പഴയ മെയിൽ അഡ്രസ്സ് പിന്നീട് യൂസർ നെയിം ആയി ലോഗിൻ ചെയ്യാനും പറ്റില്ല. വൈകാതെ തന്നെ ഈ അപ്ഡേറ്റ് നമ്മളിലേക്ക് എത്തിച്ചേരുമെന്നാണ് വിവരം.