വ്യായാമത്തിലൂടെ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ചെറിയ തോതിലുള്ള വ്യായാമം പോലും ഏകാഗ്രതയും ശ്രദ്ധയും പ്രതികരണ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും

തലച്ചോറിന്റെ ആരോഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗം വ്യായാമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ചെയ്യുന്നതിന് പിന്നാലെ ന്യൂറോട്രാന്‍മിറ്ററുകളായ ഡോപ്പമിന്‍, സെറാട്ടോണിന്‍ തുടങ്ങിയവ സജീവമാവുകയും ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നടത്തം, ജോഗിങ് പോലുള്ള സാധാരണ എയറോബിക് വ്യായാമം ഹൃദയാരോഗ്യത്തെ മാത്രമല്ല, തലച്ചോറിന് മുന്‍വശത്തായി കാണപ്പെടുന്ന, ദീര്‍ഘകാല ഓര്‍മശക്തിക്കും ചിന്താശേഷിക്കും കാരണമായ ഹിപ്പോകാമ്പസ് മേഖലയെ വികസിപ്പിക്കുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള വ്യായാമം പോലും ഏകാഗ്രതയും ശ്രദ്ധയും പ്രതികരണ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അത്തരത്തില്‍ വര്‍ധിക്കുന്ന ഏകാഗ്രത കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തേക്കു നീണ്ടു നില്‍ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. തലച്ചോറിനെ സംരക്ഷിക്കുന്ന ഒരു ഘടകമായി വ്യായാമം പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ പേശികള്‍ക്ക് സമാനമായി വ്യായാമം ചെയ്യുന്നതനുസരിച്ച് തലച്ചോറിന്റെ ഹിപ്പോകാമ്പസ് മേഖലയും പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സും വികസിക്കുകയും ശക്തമാവുകയും ചെയ്യുന്നു. ഇവ രണ്ടുമാണ് പ്രായമാകുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ ഏറ്റവും ബാധിക്കുക. വ്യായാമം ചെയ്യുന്നതു കൊണ്ട് ഡിമെന്‍ഷ്യ അല്ലെങ്കില്‍ അല്‍ഷ്യമേഴ്‌സ് ഒഴിവാക്കാമെന്നല്ല, മറിച്ച് ആരോഗ്യമുള്ള ഹിപ്പോകാമ്പസ് വികസിപ്പിക്കുന്നതിലൂടെ രോഗങ്ങള്‍ ബാധിക്കുന്നതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കും.
ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ശരീരവീക്കം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, തലച്ചോറിലെ രാസവസ്തുക്കള്‍ പുറത്തുവിടുന്നതിനെ ഉത്തേജിപ്പിക്കുകയും പുതിയ മസ്തിഷ്‌ക കോശങ്ങളും രക്തക്കുഴലുകളും വളരാനും സഹായിക്കും. വ്യായാമം മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുകയും സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.
What's Your Reaction?






