അംബാനിക്ക് വീണ്ടും തിരിച്ചടി; 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി ഇഡി
മുംബൈ:വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ ‘അബോഡ്’ എന്ന വീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 3,716 കോടി രൂപ വിലമതിക്കുന്ന 17 നിലകളുള്ള ഈ കെട്ടിടം പള്ളം ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി വീട് താൽക്കാലികമായി കണ്ടുകെട്ടിയത്. 40,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കേസിൽ മൊഴി നൽകാനായി അനിൽ അംബാനിയോട് വെള്ളിയാഴ്ച്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
അനിൽ അംബാനിക്കെതിരായ അന്വേഷണത്തിൽ ഇ.ഡി വരുത്തുന്ന കാലതാമസത്തിൽ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനിക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. ന്യൂയോർക്കിലെ ഒരു ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അവർക്കെതിരെയുള്ള അന്വേഷണം.
What's Your Reaction?