വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം

ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി

Jul 2, 2025 - 11:49
Jul 2, 2025 - 11:49
 0  17
വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം
ഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിന്‍റെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. കേസിൽ പ്രതി കിരൺകുമാറിന് കോടതി ജാമ്യം അനുവദിച്ചു. 
 
ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. 
 
 നേരത്തെ ഇതേ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി.  വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 
 
ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്.  2019 മെയ് 31 നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരും മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരൺ കുമാറുമായുള്ള വിവാഹം. കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow