മുംബൈ: വമ്പൻ ഓഫറുമായി കൈകോർത്ത് ജിയോയും ഗൂഗിളും. ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും.18 മാസത്തേക്കാണ് ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക. റിലയൻസിന്റെ 'എഐ എല്ലാവർക്കും' എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡവലപ്പർമാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗൂഗിളും റിലയന്‍സ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഗൂഗിള്‍ ജെമിനൈയുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ എഐ പ്രോ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഒരു ഉപയോക്താവിന് 35,100 രൂപ മൂല്യമുള്ള സേവനങ്ങളാണ് നൽകുക. പദ്ധതി 2025 ഒക്ടോബർ 30 മുതൽ ആരംഭിക്കും.
ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് ചാറ്റ് ജിപിറ്റി ഗോ സബ്‌സ്‌ക്രിപ്ഷന്‍ ഫ്രീയായി ലഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയുടെ ഈ പ്രഖ്യാപനം. ഓഫർ പ്രകാരം, അൺലിമിറ്റഡ് 5G പ്ലാനുകളിൽ 18–25 വയസ്സ് പ്രായമുള്ള ജിയോ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ അഡ്വാൻസ്ഡ് എഐ സ്യൂട്ടായ ഗൂഗിൾ ജെമിനി പ്രോയിലേക്ക് പ്രവേശനം ലഭിക്കും.
ഗൂഗിളിന്റെ ഏറ്റവും മികച്ച Gemini 2.5 Pro ,പഠനത്തിനും ഗവേഷണത്തിനുമായി Notebook LM സേവനം ,2ടിബി ക്ലൗഡ് സ്‌റ്റോറേജ്, തുടങ്ങിയ അനുകൂല്യങ്ങളാകും ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ ഓഫറില്‍ ഏറ്റവും മികച്ച AI മോഡലായ ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള ആക്‌സസും നാനോ ബനാന, വിയോ3.1 മോഡലുകള്‍ വഴി മെച്ചപ്പെടുത്തിയ ഇമേജ്, വീഡിയോ ജനറേഷന്‍ ടൂളുകളും ഉള്‍പ്പെടുന്നു.