വിമാനം പറപ്പിക്കൽ പരിശീലനത്തിന് ഇടുക്കിയിൽ നിന്നൊരു മിടുക്കി
കേരള സർക്കാരിന്റെ "വിംഗ്സ്" പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര് വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുക.

ഇടുക്കി: സ്വപ്നങ്ങളുടെ നീലാകാശത്ത് വിമാനം പറപ്പിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി വരുന്നു.പുളിക്കത്തോട്ടി കാവുംവാതുക്കൽ റോയിയുടേയും മേഴ്സിയുടേയും മകൾ നിസിമോൾ റോയി (21) ആണ് വിമാനം പറത്തൽ പരിശീലനത്തിന് യോഗ്യത നേടിയിരിക്കുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കാണ് നിസിമോൾക്ക് ലഭിച്ചത്.
കേരള സർക്കാരിന്റെ "വിംഗ്സ്" പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര് വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുക. പട്ടികവർഗ വികസനവകുപ്പിന്റെ സ്കോളർഷിപ്പിലൂടെയാകും പഠനം. ഫ്ലയിങ് ഫീ, പൈലറ്റ് കിറ്റ്, കമ്മിറ്റ്മെന്റ് ഫീ തുടങ്ങി ആകെ പത്ത് ഇനങ്ങളിലായി 35,20,000/- രൂപ ഗഡുക്കളായി വകുപ്പ് നൽകും. ഇതിൽ 12,20,000/-രൂപ ഇതിനകം ഇടുക്കി ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസ് മുഖേന അനുവദിച്ചിട്ടുണ്ട്.
എൻ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിനിയാണ് നിസിമോൾ റോയി. ചെറുപ്പം മുതലേ പൈലറ്റാകാൻ ആഗ്രഹിച്ചിരുന്നതായി ഈ മിടുക്കി പറയുന്നു. പൈലറ്റ് കോഴ്സിന് അർഹത നേടിയതിനെ തുടർന്ന് എൻ.ഐ.ടി യിലെ പഠനം ഉപേക്ഷിച്ചു. സഹോദരൻ സാമുവൽ പൈനാവ് പോളിടെക്നിക്കിലെ വിദ്യാർഥിയാണ് . ഇടുക്കി ജില്ലയിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരാൾക്ക് പൈലറ്റാകാൻ അവസരം ലഭിക്കുന്നത്.
What's Your Reaction?






