തിരുവനന്തപുരത്ത് ആവേശമായി സഞ്ജുവും സൂര്യയും; 'ചേട്ടനെ ശല്യം ചെയ്യരുത്', സഞ്ജുവിന് സുരക്ഷയൊരുക്കി സൂര്യകുമാർ യാദവ്

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ തന്റെ പ്രിയ സുഹൃത്തായ സഞ്ജുവിന് വഴിയൊരുക്കിയാണ് സൂര്യകുമാർ യാദവ് ആരാധകരെ കയ്യിലെടുത്തത്

Jan 30, 2026 - 13:06
Jan 30, 2026 - 13:06
 0
തിരുവനന്തപുരത്ത് ആവേശമായി സഞ്ജുവും സൂര്യയും; 'ചേട്ടനെ ശല്യം ചെയ്യരുത്', സഞ്ജുവിന് സുരക്ഷയൊരുക്കി സൂര്യകുമാർ യാദവ്

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ തന്റെ പ്രിയ സുഹൃത്തായ സഞ്ജുവിന് വഴിയൊരുക്കിയാണ് സൂര്യകുമാർ യാദവ് ആരാധകരെ കയ്യിലെടുത്തത്. "ചേട്ടനെ ആരും ശല്യം ചെയ്യരുത്, ഫോട്ടോ എടുക്കരുത്" എന്ന് തമാശരൂപേണ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലെ സൂര്യ പറയുന്നത് വീഡിയോയിലുണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള' ഈ വരവ് വളരെ സ്പെഷ്യൽ ആണെന്ന് സഞ്ജുവും പ്രതികരിച്ചു. ബിസിസിഐ പങ്കുവെച്ച ഈ വീഡിയോ ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ താരങ്ങൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇരു ടീമുകളും എത്തിയത്. സഞ്ജുവിനെയും മറ്റ് താരങ്ങളെയും കാണാൻ നൂറുകണക്കിന് ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയത്. കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തെത്തിച്ചത്.

ഇന്ത്യൻ ടീം കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസീലൻഡ് ടീം ഹയാത്ത് റീജൻസിയിലുമാണ് താമസിക്കുന്നത്. ഇന്ന് ഇരു ടീമുകളും സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും. മത്സരദിവസം നഗരത്തിൽ ഗതാഗത നിയന്ത്രണമുൾപ്പെടെയുള്ള മുൻകരുതലുകൾ പോലീസ് സജ്ജമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow