പി. ജയരാജന്റെ പുസ്തകം പ്രസിദ്ധീകരിച്ചാൽ വധിക്കും; ചിന്ത പബ്ലിഷേഴ്‌സ് മാനേജർക്ക് നേരെ വധഭീഷണി

May 14, 2026 - 11:57
May 14, 2026 - 11:59
 0

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് പി. ജയരാജൻ രചിച്ച 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തിന് നേരെ സംഘപരിവാർ ഭീഷണിയെന്ന് പരാതി. പുസ്തകം പുറത്തിറക്കിയാൽ കൊലപ്പെടുത്തുമെന്നു കാണിച്ച് ചിന്ത പബ്ലിഷേഴ്‌സ് മാർക്കറ്റിങ് മാനേജർ സി.പി. രമേശനാണ് വധഭീഷണി ലഭിച്ചത്. ഫോൺ വഴിയെത്തിയ ഭീഷണിയെത്തുടർന്ന് അദ്ദേഹം കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. "ആർ.എസ്.എസിനെ നിങ്ങൾക്ക് അറിയില്ലേ?" എന്ന് ചോദിച്ച അക്രമി, പുസ്തകത്തിന്റെ വിപണനം പോലും അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചതായി രമേശൻ പറഞ്ഞു.

ഒരു പുസ്തകത്തെപ്പോലും സംഘപരിവാർ ഭയപ്പെടുകയാണെന്നും ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ പൊതുസമൂഹം അപലപിക്കണമെന്നും പി. ജയരാജൻ പ്രതികരിച്ചു. ഭീഷണികൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നിശ്ചയിച്ച പ്രകാരം തന്നെ പുസ്തകം പ്രകാശനം ചെയ്യുമെന്ന് അറിയിച്ചു. ഈ മാസം 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow